Home » Awareness Materials » മിന്നല്‍ – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മിന്നല്‍ – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മിന്നലുണ്ടാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

മിന്നലുണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍ക്കു് പുറത്തു് യാതൊരു സുരക്ഷയുമില്ല. നിങ്ങള്‍ പുറമെയാണെങ്കില്‍, കുറച്ചകലെ ഇടിമുഴക്കം കേള്‍ക്കുമ്പോള്‍ത്തന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്കു് മാറുക. സുരക്ഷിതമായ സ്ഥലങ്ങള്‍ ഇവയൊക്കെയാണു്:

  • കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിശേഷിച്ചു് ബഹുനില കെട്ടിടങ്ങള്‍
  • ലോഹനിര്‍മ്മിതമായ വാഹനങ്ങള്‍ക്കുള്ളില്‍ ലോഹഭാഗങ്ങളില്‍ തൊടാതെ ഇരിക്കുക
  • മിന്നല്‍ച്ചാലകം സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍
  • അടുത്തു് സുരക്ഷിതമായ സ്ഥലമൊന്നും ഇല്ലെങ്കില്‍ രണ്ടുകാലും ചേര്‍ത്തുവച്ചു് തലകുനിച്ചു് ഇടിമിന്നല്‍ ദൂരേക്കു് പോകുന്നതുവരെ കുത്തിയിരിക്കുക.

കെട്ടിടത്തിനുള്ളിലെ സുരക്ഷയ്ക്കു് ശ്രദ്ധിക്കുക:

  • പുറത്തുനിന്നു വരുന്ന കമ്പികളുമായും പൈപ്പും മറ്റുമായും ബന്ധിച്ചിരിക്കുന്ന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യരുതു്
  • ടെലഫോണ്‍, ടെലിവിഷന്‍, തുടങ്ങിയ ഉപകരണങ്ങളില്‍നിന്നു് അകലുക. വയറുപയോഗിക്കാത്ത (കോഡ്‌ലെസ്) ഫോണും മൊബൈലും ഉപയോഗിക്കാം.
  • പുറത്തുനിന്നു് അകത്തേയ്ക്കുവരുന്ന കമ്പികളിലോ പൈപ്പുകളിലോ തൊടാതിരിക്കുക. അവയില്‍നിന്നു് മാറി നില്‍ക്കുക.
  • പുറത്തേക്കുള്ള ജനലുകളുടെയും വാതിലുകളുടെയും സമീപത്തു് പോകാതിരിക്കുക
  • ഭിത്തിയില്‍ തൊടാതിരിക്കുക.
  • ഇടിമിന്നലിന്റെ ശബ്ദം കേട്ടു തുടങ്ങിയാല്‍ വൈദ്യുതോപകരണങ്ങളുടെ അടുത്തു പോകാതിരിക്കുക. അവയുടെ പ്ലഗ് നേരത്തേകൂട്ടി ഊരിയിടുക.

ഒഴിവാക്കേണ്ട ഇടങ്ങള്‍:

  • ഇടിമിന്നലുള്ളപ്പോള്‍ മഴയില്‍നിന്നു് രകഷപ്പെടാന്‍ മരങ്ങളുടെ ചുവട്ടിലോ സമീപത്തോ നില്‍ക്കരുതു്. മഴയില്‍നിന്നു് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഒരുപക്ഷെ നഷ്ടപ്പെടുന്നതു് നിങ്ങളുടെ ജീവനായിരിക്കും.
  • കൂട്ടംകൂടി നില്‍ക്കരുതു്
  • തറയില്‍ കിടക്കരുതു്
  • കായലിലോ കടലിലോ കുളങ്ങളിലോ നീന്താനോ മത്സ്യബന്ധനത്തിനോ പോകരുതു്
  • ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കരുതു്
  • മിന്നല്‍ച്ചാലകം സ്ഥാപിച്ചിട്ടില്ലെങ്കില്‍ ഓടു്, ഓല, ആസ്ബസ്റ്റോസ്, തുടങ്ങിയവ മേഞ്ഞ കെട്ടിടങ്ങള്‍ സുരക്ഷിതമല്ല.

Leave a comment